വാതരോഗം ശമിപ്പിക്കും കുറുന്തോട്ടി...



ആയുര്‍വേദത്തില്‍ വാതത്തിനെ തടുക്കുന്ന ഔഷധച്ചേരുവകളില്‍ കുറുന്തോട്ടിക്കു പ്രധാന സ്‌ഥാനമാണുള്ളത്‌. ഇന്ത്യയില്‍ ഇരുപത്തിയൊന്നിലധികം കുറുന്തോട്ടികള്‍ ഉണ്ട്‌. കേരളത്തില്‍ പൊതുവെ ഉപയോഗിക്കുന്നത്‌ കുറുന്തോട്ടി, ആനക്കുറുന്തോട്ടി, വള്ളിക്കുറുന്തോട്ടി ഇവയാണ്‌. ഇതില്‍ ഏറ്റവും ഔഷധമൂല്യം കുറുന്തോട്ടിക്കു തന്നെ.

ഒരടിയോളം ഉയരത്തില്‍ ധാരാളം ശാഖകളോടെ പടര്‍ന്നു വളരുന്ന കുറ്റിച്ചെടിയാണു കുറുന്തോട്ടി. കുറുന്തോട്ടിയുടെ എല്ലാ ഭാഗത്തും വ ഴുവഴുപ്പുള്ള ഒരു വസ്‌തു അടങ്ങിയിട്ടുണ്ട്‌.

കുറുന്തോട്ടി ചേര്‍ന്നുള്ള ഔഷധങ്ങള്‍ വാതത്തെ ഇല്ലാതാക്കുന്നതും ഹൃദയത്തിന്റെ യും ശ്വാസകോശത്തിന്റെയും പ്രവര്‍ത്തനങ്ങളെ ത്വരിതപ്പെടുത്തുന്നവയുമണ്‌. നല്ല ഉറക്കം നല്‍കാനും വേദന, പനി ഇവ കുറയ്ക്കാനും കുറുന്തോട്ടിക്കു കഴിയും. പിത്തം, രക്‌തപിത്തം, രക്‌തവാതം, ചതവ്‌, ചുമ, രക്‌തദോഷം ഇവ കുറയ്ക്കും. ബലവും പുഷ്‌ടിയും ഓജസും വര്‍ധിപ്പിക്കുന്നതില്‍ കുറുന്തോട്ടി ഏറെ മുന്നിലാണ്‌.

ഔഷധപ്രയോഗങ്ങള്‍ :

• വാതരക്‌തം മാറ്റാന്‍ കുറുന്തോട്ടി ചേര്‍ന്ന ക്ഷീരബല ഫലപ്രദമാണ്‌.
• കുറുന്തോട്ടി സമൂലമോ വേരോ കഷായം വച്ചു മുപ്പതു മില്ലി വീതം രണ്ടു മൂന്നു നേരം ദിവസവും കഴിച്ചാല്‍ വാതരോഗങ്ങള്‍, അര്‍ശസ്‌ ഇവ മാറും.
• കുറുന്തോട്ടി, യവം, കരിനൊച്ചി, വെളുത്തുള്ളി ഇവ സമമായി കഷായമാക്കി 25 മില്ലി വീതം ദിവസവും പതിവായി ഉപയോഗിച്ചാല്‍ എല്ലാവിധത്തിലുമുള്ള വാതാവസ്‌ഥയിലും ഫലപ്രദമാണ്‌.
• കുറുന്തോട്ടിയുടെ പച്ചവേരിന്റെ തൊലിയിട്ടു വെള്ളം തിളപ്പിച്ചു കുടിച്ചാല്‍ വാതം മാറുകയും സുഖനിദ്ര ലഭിക്കുകയും ചെയ്യും.
• കുറുന്തോട്ടിവേരും ഇഞ്ചിയും ചേര്‍ത്തു കഷായം വച്ചു കഴിച്ചാല്‍ പനി കുറയും.
• കുറുന്തോട്ടി വേരു കഷായം വാതം, അര്‍ശസ്‌, ലൈംഗികരോഗങ്ങള്‍, വാതപ്പനി, വെള്ളപോക്ക്‌ ഇവയ്ക്കു ഫലപ്രദമാണ്‌.
• കുറുന്തോട്ടി വേര്‌ തേന്‍ ചേര്‍ത്തു കഴിച്ചാല്‍ ഛര്‍ദി കുറയും.
• ചതവ്‌, മര്‍മാഘാതം, കഠിനമായ ദേഹവേദന, നെഞ്ചുവേദന ഇവയ്ക്ക്‌ കുറുന്തോട്ടിവേര്‌ പാല്‍ക്കഷായമാക്കി ഉപയോഗിക്കണം.
• ആര്‍ത്തവദോഷം, യോനീരോഗങ്ങള്‍, ക്ഷയം ഇവ മാറ്റാനും കുറുന്തോട്ടി കഷായം ഫലപ്രദമാണ്‌.
• കുറുന്തോട്ടിയില താളിയായി ഉപയോഗിച്ചാല്‍ മുടിക്ക്‌ കറുപ്പും കരുത്തും കൂടും.

No comments: