തുമ്മല്‍ മാറാന്‍ ചില നാട്ടു വിദ്യകള്‍


തുമ്മല്‍ തുമ്മിത്തന്നെ തീരണമെന്നാണ് പഴമക്കാര്‍ പറയുന്നതെങ്കിലും ഇതിനെതിരേ പല വിദ്യകളും അവര്‍ തന്നെ കണ്ടെത്തിയിരുന്നു. ആദ്യത്തെ തുമ്മല്‍ കഴിയുന്നതോടെ ശരീരത്തിനു ഹാനികരമായ മരുന്നുകള്‍ വാങ്ങാന്‍ മെഡിക്കല്‍ സ്റ്റോറിലേക്കോടുന്നവരുടെ എണ്ണം കൂടി വരുകയാണ്. അലര്‍ജി മൂലമോ മഴ നനഞ്ഞോ, തുമ്മല്‍ വന്ന വഴി ഏതുമാകട്ടെ, പ്രതിവിധി വീട്ടില്‍ തന്നെയുണ്ടെന്ന കാര്യം നാം തിരിച്ചറിയുന്നില്ല. വിട്ടു മാറാത്ത ജലദോഷം പോലും പരിഹരിക്കാനുതകുന്ന ചില നാട്ടുമരുന്നുകള്‍ ഇതാ...


തലയില്‍ തേച്ചു കുളിക്കാനുള്ള എണ്ണകള്‍ പ്രത്യേക രീതിയില്‍ തയ്യാറാക്കിയാല്‍ തുമ്മലിനു ശമനം വരുത്താമെന്നാണ് ആയുര്‍വേദം പറയുന്നത്. പച്ചക്കര്‍പ്പൂരം, ചെറുനാരങ്ങാത്തോട് നാരങ്ങാനീരില്‍ തന്നെ അരച്ചത്, പൊടിച്ച രക്തചന്ദനം എന്നിവ ചേര്‍ത്ത വെളിച്ചെണ്ണ മൂപ്പിച്ചു തലയില്‍ തേച്ചു കുളിക്കുന്നത് തുമ്മലിന് ഉത്തമ പ്രതിവിധിയാണ്. പൂവാം കുറുന്തല്‍, ഇരട്ടിമധുരം എന്നിവ ചതച്ചിട്ട വെളിച്ചെണ്ണ, അമ്പതു ഗ്രാം വീതം ഏലത്തരിയും വേപ്പിന്‍തൊലിയും 100 മില്ലി വെളിച്ചെണ്ണയില്‍ ചതച്ചിട്ടത് എന്നീ എണ്ണകളിലേതെങ്കിലും  മൂപ്പിച്ചു സ്ഥിരമായി തലയില്‍ തേച്ചു കുളിക്കുന്നതും തുമ്മലിനു ശമനം നല്‍കും. ചുവന്ന തുളസി ഇല ചതച്ചിട്ട് മൂപ്പിച്ച് എണ്ണയും നല്ലതാണ്. കുരുമുളകും കുടവന്റെ ഇലയും ഒരുമിച്ച് ചവച്ചിറക്കുന്നത് പെട്ടന്നു വന്ന തുമ്മല്‍ തല്‍ക്കാലത്തേക്കു നിര്‍ത്താന്‍ പറ്റിയ ഉപാധിയാണ്. വാതം കൊല്ലിയുടെ വേര് ചതച്ച് കിഴികെട്ടി പല തവണ മൂക്കില്‍ വലിക്കുന്നതും നീര്‍ദോഷം പരിഹരിക്കാനുപകരിക്കും. തുളസിയില കഷായം വെച്ചു കുടിക്കുന്നതും ഗ്രാമ്പൂ പൊടിച്ച് തേനില്‍ ചാലിച്ചു കഴിക്കുന്നതും തുമ്മലിനു നല്ല മരുന്നാണ്.

No comments: