പുരുഷന്മാര്‍ക്ക് പ്രകൃതിദത്ത ഫേസ് മാസ്‌ക്

ആണുങ്ങള്‍! പലപ്പോഴും സ്ത്രീകള്‍ ഉപയോഗിക്കുന്ന സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ തന്നെയുപയോഗിച്ച് തൃപ്തിപ്പെടേണ്ടി വരും. കാരണം വിപണിയില്‍ സ്ത്രീസൗന്ദര്യത്തിനു തന്നെയാണ് കൂടുതല്‍ ഡിമാന്റ്.
എന്നാല്‍ സ്ത്രീകള്‍ക്ക് പ്രയോജനം ചെയ്യുന്ന പല ക്രീമുകളും ഫേസ്മാസ്‌കുകളും പുരുഷന് ഗുണം ചെയ്തില്ലെന്ന് വരും. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരുടെ ചര്‍മത്തിന് മാര്‍ദവം അല്‍പം കുറവാ
ണ്. അതുകൊണ്ട് ഇവര്‍ക്കുപയോഗിക്കാവുന്ന ഫേസ് മാസ്‌കും ക്രീമുകളും ഉപയോഗിക്കുന്നതാണ് നല്ലത്. പുരുഷന്മാര്‍ക്ക് ഉപയോഗിക്കാവുന്ന ചില ഫേസ് മാസ്‌കുകള്‍ ഇതാ. ഇവ വീട്ടില്‍ തന്നെ എളുപ്പം തയ്യാറാക്കുകയും ചെയ്യാം.
പുരുഷന്മാരുടെ ചര്‍മത്തില്‍ എണ്ണമയം സാധാരണ ഗതിയില്‍ കൂടുതലായിരിക്കും. ഇത്തരം ചര്‍മത്തിന് കുക്കുമ്പര്‍ മാസ്‌ക് ഗുണം ചെയ്യും. കുക്കുമ്പര്‍ അരച്ച് തേനും തൈരും ചേര്‍ത്ത് പുരട്ടാം. 15 മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയാം. ആഴ്ചയില്‍ രണ്ടു ദിവസമെങ്കിലും ഈ മാസ്‌ക് ഉപയോഗിക്കാം.
വളരെ എളുപ്പം തക്കാളി ചര്‍മസംരക്ഷണത്തിനുപയോഗിക്കാം. നല്ലവണ്ണം പഴുത്ത തക്കാളി ഉടച്ച് മുഖത്തു പുരട്ടുകയോ മുറിച്ച തക്കാളി കൊണ്ട് മസാജ് ചെയ്യുകയോ ആവാം.
തേനും മുട്ടയും തൈരും ചേര്‍ത്ത് ഫേസ് മാസ്‌കുണ്ടാക്കാം. അല്ലെങ്കില്‍ ആപ്പിള്‍ ഉടച്ച് തേന്‍ ചേര്‍ത്ത് മുഖത്തു പുരട്ടാം. അല്‍പസമയം കഴിഞ്ഞ് കഴുകിക്കളയാം.
ആര്യവേപ്പ് ഔഷധഗുണങ്ങളുള്ള ഒരു സൗന്ദര്യവര്‍ദ്ധക വസ്തുവാണ്. ചൂടുവെള്ളത്തില്‍ രാത്രി മുഴുവന്‍ ആര്യവേപ്പില ഇട്ടുവച്ച് ഇത് അരച്ചെടുത്ത് പാലും ചേര്‍ത്ത് മുഖത്തിടാം. ഷേവിംഗ് മുറിവുകള്‍ ഉണക്കാനും മുഖക്കുരു, പാടുകള്‍ എന്നിവ മാറ്റുവാനും സഹായിക്കുന്ന നല്ലൊരു ഫേസ് മാസ്‌കാണിത്.
സ്ത്രീകളുടെ ഫേസ് മാസ്‌കുകളില്‍ കൈ വയ്ക്കാതെ ഇവയുണ്ടാക്കി ഉപയോഗിച്ചു നോക്കൂ.

No comments: